Wednesday, 27 March 2013

ലേലം

സമ്പന്നനായ അച്ഛന്റെയും മകന്റെയും ഹോബി ആയിരുന്നു ഉല്‍കൃഷ്ട്മായ പെയിന്റിംഗ്കള്‍ ശേഖരിക്കല്‍ .അവരുടെ കയ്യില്‍ ഒത്തിരി മാസ്റെര്‍ പീസുകളുണ്ടായിരുന്നു.പിക്കാസോ മുതല്‍ റാഫേല്‍ വരെയുള്ള ചിത്രകാരന്മാരുടെ അമൂല്യമായ ചിത്രങ്ങള്‍ .മഹത്തായ ഓരോ സൃഷ്ടികളും
സ്വന്തമാക്കുമ്പോള്‍ അവര്‍ക്കതിയായ സംതൃപ്തിയും സന്തോഷവും...അതവര്‍പരസ്പരം പങ്കുവച്ചു.
ധൈര്യശാലിയായ ആ മകന്റെ ആഗ്രഹമായിരുന്നു ഒരു പട്ടാളക്കാരനാവുക, രാജ്യത്തിന്‌ വേണ്ടി
ജീവന്‍ അര്‍പ്പിക്കുക എന്നതും .അതങ്ങനെ തന്നെ സംഭവിക്കയും ചെയ്തു .ഒരു യുദ്ധത്തില്‍ മറ്റൊരു പട്ടാളക്കാരനെ രക്ഷിക്കുന്നതിനിടയില്‍ അദ്ദേഹത്തിനു വെടിയേറ്റു.
മനോവേദനയാല്‍ ആ അച്ഛന്‍ നീറി.
ഒരുമാസം കഴിഞ്ഞു... ഒരു രാത്രിയില്‍ ഒരാള്‍ ആ വീടിന്റെ വാതിലില്‍ മുട്ടി .വാതില്‍ തുറന്നപ്പോള്‍ ഒരു വലിയ പൊതിയുമായി സുമുഖനായ ഒരു യുവാവ് നില്‍ക്കുന്നു .
''സര്‍ അങ്ങേയ്ക്ക് എന്നെ അറിയില്ല അങ്ങയുടെ മകന്‍ രക്ഷിച്ച ആ പട്ടാളക്കാരനാണ്‌ ഞാന്‍ ..
എന്റെ ജീവന്‍ മാത്രമല്ല ആ ദിവസം ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചിട്ടാണ് അങ്ങയുടെ മകന്‍ പോയത് .ഈ അച്ഛനെക്കുറിച്ചും ,ചിത്രങ്ങളെക്കുറിച്ചുമൊക്കെ അവന്‍ ധാരാളം എന്നോട്
സംസാരിക്കുമായിരുന്നു'' പൊതിക്കെട്ടു അച്ഛന്റെ കൈയ്യില്‍ കൊടുത്തുകൊണ്ട് യുവാവ് പറഞ്ഞു .'' ഇത് എന്റെ ജീവന്‍ രക്ഷിച്ചതിന് ഒരിക്കലും പകരമാവില്ല ... ഞാന്‍ അത്രയ്ക്ക് വലിയ ആര്ടിസ്റ്റുമല്ല ... അങ്ങയുടെ മകന്റെ മുഖം എന്റെ കണ്മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്
ഈ ചിത്രം വരയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു .ഒരുപക്ഷെ അങ്ങയുടെ കൈയ്യില്‍ ഇതേല്‍പ്പിക്കാനും അവന്‍ ആഗ്രഹിച്ചിട്ടുണ്ടാവും. ''
അദ്ദേഹം ആ പൊതി അഴിച്ചു.മകന്റെ ചിത്രത്തിലേയ്ക്ക് വിസ്മയത്തോടും അതിലുപരി വേദനയോടും കൂടി നോക്കി .അദ്ദേഹത്തിന്റെ വാടിയ മുഖം കണ്ണുനീര്‍ കൊണ്ട് നനഞ്ഞു. മനോഹരമായി ആവരണം ചെയ്ത ആ ചിത്രം സന്ദര്‍ശകര്‍ വരുമ്പോള്‍ മറ്റേതൊരു ചിത്രം കാണുന്നതിനു മുന്പേ മകന്റെ ചിത്രം കാണത്തക്ക രീതിയില്‍ തൂക്കിയിട്ടു .
കുറച്ചു മാസങ്ങള്‍ക്ക് ശേഷം മകന്റെ വേര്‍പാട് വീഴ്ത്തിയ വേദനയില്‍ ആ അച്ഛനും മരിച്ചു.
താമസിയാതെ ഒരു ബന്ധു ആ വീട്ടില്‍ അവിടെയുള്ള മഹത്തായ പെയിന്റിംഗ് ങ്ങുകളുടെ ലേലം സംഘടിപ്പിച്ചു.സമൂഹത്തിലെ ഉന്നതരും അല്ലാത്തവരും ചിത്രങ്ങള്‍ വാങ്ങാനും കാണാനും ആയി ഒത്തുകൂടി .
ലേലം ആരംഭിച്ചു ....ആദ്യമായി മകന്റെ ചിത്രം ലേലത്തിന് വെച്ചു.''ആരാണ് ഈ പെയിന്റിംഗ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് അവര്‍ക്കൊരു തുക പറയാം''
. നിശബ്ദത ...........
''പ്രസിദ്ധരായവരുടെ പെയിന്റിംഗ് ഉള്ളപ്പോള്‍ ആര്‍ക്കു വേണം ഇത് '' ലേലത്തില്‍ പങ്കെടുത്ത ഒരാള്‍ ഒച്ചയിട്ടു .
'' ആരെങ്കിലും ഉണ്ടോ ഇത് വാങ്ങാന്‍ ...1000 രൂപ ?'' ലേലം വിളിക്കുന്ന ആള്‍ ചോദിച്ചു .
''ഈ പെയിന്റിംഗ് കാണാനല്ല ഞങ്ങളിവിടെ വന്നത് .വിന്‍സെന്റ് വാന്‍ഗോക്കിന്റെയോ ,പിക്കാസോയുടെയോ പെയിന്റിംഗ് ഉണ്ടെങ്കില്‍ അതാവട്ടെ ആദ്യം ''ഒരാള്‍ ദേഷ്യപ്പെട്ടു .
എന്നാല്‍ ലേലം വിളിക്കുന്ന ആള്‍ മറ്റാരും പറയുന്നത് വക വെയ്ക്കാതെ ചോദിച്ചു കൊണ്ടിരുന്നു .
''ആരുണ്ടീ മകനെ വാങ്ങാന്‍ .മകന്‍ ....മകന്‍ ...മകന്‍ ''
അവസാനം .....മുറിയുടെ ഏറ്റവും പുറകില്‍ നിന്ന് ഒരു ശബ്ദം ''500 രൂപയ്ക്ക് ഞങ്ങള്‍ എടുത്തോളാം .ഞങ്ങളുടെ കൈയ്യില്‍ അതേയുള്ളൂ ''വര്‍ഷങ്ങളായി ആ വീട്ടില്‍ ജോലി ചെയ്തിരുന്ന ഒരച്ഛനും മകനുമായിരുന്നു അത് പറഞ്ഞത് .
''500 നു ഒരാള്‍ വിളിച്ചിരിക്കുന്നു .ആരെങ്കിലുമുണ്ടോ 1000 ...1000 ത്തിന് ''ലേലക്കാരന്‍ ഉറക്കെ ചോദിച്ചു ....
'' അതവര്‍ക്ക് തന്നെ കൊടുത്തേയ്ക്കൂ ...ഞങ്ങള്‍ക്കാര്‍ക്കും വേണ്ടാ ഈ മകന്റെ പെയിന്റിംഗ് ''.ജനം ഒന്നടങ്കം പറഞ്ഞു .അവര്‍ക്ക് വേണ്ടത് മൂല്യമുള്ളതും .പ്രസിദ്ധരായവരുടെയും പെയിന്റിംഗ്കളായിരുന്നു.
''ഒരു തരം...രണ്ടു തരം ...മൂന്നു തരം ...'' ലേലം ഉറപ്പിച്ചു .
'' വേഗമാവട്ടെ മൂല്യമുള്ള പെയിന്റിംഗ്കളുടെ ലേലം തുടങ്ങൂ '' എഴുന്നേറ്റു നിന്നുകൊണ്ടൊരാള്‍
ദേഷ്യത്തോടെ പറഞ്ഞു .
''ക്ഷമിക്കണം ...ലേലം കഴിഞ്ഞിരിക്കുന്നു '' വളരെ സൗമ്യനായി ലേലക്കാരന്‍ പറഞ്ഞു .
'' അപ്പോള്‍ മറ്റുള്ള പെയിന്റിംഗ് കള്‍...?
''ക്ഷമിക്കണം ഈ ലേലം വിളിച്ചു കൂട്ടുമ്പോള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു ...ഈ ലേലത്തിന് പിന്നില്‍ ഒരു രഹസ്യ ഉടമ്പടി ഉണ്ടെന്ന്....ഇതുവരെ പുറത്തു വിടാത്ത ആ രഹസ്യം ഇതാണ് ....ആരാണോ ഈ മകന്റെ ചിത്രം വാങ്ങുന്നത് അവര്‍ക്കുള്ളതാണ്‌ ഈ എസ്റ്റെറ്റും, മുഴുവന്‍ പെയിന്റിംഗ്കളും...അത് ആ പാവപ്പെട്ട മനുഷ്യനും അദ്ദേഹത്തിന്റെ മകനും ലഭിച്ചിരിക്കുന്നു .... എല്ലാവര്‍ക്കും പിരിഞ്ഞു പോകാം .

സഹനം


ഉതിര്‍ന്നു വീണൊരു
കണ്ണുനീര്‍ തുള്ളി
പൂവായ് മാറ്റിയവള്‍
തീരത്തേയ്ക്കടുത്ത
തിരമാലകളെ
കൈകുമ്പിളില്‍ നിറച്ചവള്‍
ആകാശച്ചെരുവിലൊരു
നക്ഷത്രം തീ പന്തമായ്
നെഞ്ചിലേറ്റിയവള്‍
കുമിഞ്ഞു കൂടിയ
ഉമിത്തീ വിഴുങ്ങി
ചങ്കിലൊളിപ്പിച്ചവള്‍
കല പില കൂട്ടിയ
കാറ്റിന്റെ മര്‍മ്മരം
കാതോടു ചേര്‍ത്തവള്‍
നോവിന്റെ ജ്വാലകള്‍
നോവായ്‌ പടര്‍ത്തി
ജീവന്റെ ഉല്‍ക്കകള്‍
താളമായുണര്‍ത്തി
കാറ്റായ് മഴയായ്
ഋതുക്കളായവൾ ....